കേരളത്തിലെ കർഷകരുടെയും പുതിയ തലമുറകളുടെ ജീവിതാവകാശങ്ങളെയും ഗൗരവമില്ലാതെ കാണരുത്. //
George Kuttikattu
കേരളത്തിലെ കർഷകരുടെ കണ്ണുനീർ....
![]() |
മില്ലുടകൾ വാക്കുപാലിക്കാതെ ഉപേക്ഷിക്കപ്പെട്ട കൊയ്തെടുത്ത നെല്ലുശേഖരം നെൽപാടത്തിൽ മൂടിയിട്ടിരിക്കുന്നു. കർഷകരുടെ പ്രതീക്ഷഫലം അവരുടെ കണ്ണുനീർ. |
ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്ത ജന പ്രതിനിധികളോ സർക്കാരോ സർക്കാർ സേവകരോ ഇക്കാര്യങ്ങൾ ഒന്നും കണ്ടതായിട്ട് ആരും ഭാവിക്കുന്നില്ല, ആരും പ്രതികരിക്കുന്നില്ല. വ്യവസായികൾ അവരുടെ ആവശ്യത്തിനായുള്ള റബർ മറുനാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിൽ സർക്കാർ അനുകൂലനിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലെ നെൽകൃഷിയുടെ കാര്യത്തിലും മറു സംസ്ഥാനങ്ങളിൽനിന്നും അരി ഇറക്കിമതിക്ക് വ്യാപാരികൾക്ക് നല്ല പിന്തുണയാണ് സർക്കാരിൽനിന്നു ഉണ്ടാകുന്നത്. കുട്ടനാടൻ പ്രദേശ നെൽകർഷകരുടെ ഏതുവിധ ആവശ്യങ്ങളാണ് കേരള സർക്കാർ സ്വീകരിച്ചത്? വൻകിട മില്ലുകാരുടെ വശംചേർന്ന് നിൽക്കുന്നുവെന്ന് കർഷകർ ആരോപണം ഉന്നയിച്ചിരുന്നു. ഈ വർഷത്തെ വിളവെടുപ്പ് , കർഷകരുടെ കണ്ണുനീർ- ഒരുപക്ഷെ അവരുടെ ഏറ്റവും വലിയ ഒരു ദുരനുഭവമായിട്ട് ഈ വർഷത്തെ വിളവെടുപ്പ് നടന്നപ്പോൾത്തന്നെ അവർ അനുഭവിച്ചു. എന്നാൽ കേരളസർക്കാർ ഒന്നും അറിഞ്ഞതായി പ്രതികരിച്ചില്ല. കേരളാ മുഖ്യമന്ത്രി സുവർണ്ണപരസ്യവാഗ്ദാനങ്ങൾ നടത്തുന്നവരിൽ ഒന്നാമനാണ്. "സമഗ്രമേഖലകളിലും കേരളത്തിന് വലിയ മുന്നേറ്റം" ഉണ്ടായിയെന്നാണ് പ്രചാരണം. പക്ഷെ ഫലം വെറും വട്ടപൂജ്യം ! കേരളത്തിൽ ഇപ്പോൾ സ്പോടനാത്മകമായിട്ട് വളർന്നു വരുന്നത് കേരളത്തിലെ കാർഷികരംഗമാണ്. ശുദ്ധജലവും വായുവും പോലെ കാർഷികഭൂമിയും മനുഷ്യന് തുല്യമായി അനുഭവിക്കാനുള്ള മൂല്യവസ്തുക്കളാണെന്ന യാഥാർത്ഥ്യം ഭരണതലപ്പത്തിരിക്കുന്നവരായ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും അറിയുന്നതിന് ആഗ്രഹിക്കുന്നില്ല.
കർഷകർ ആരാണ്?
അവർ കേരളത്തിലെത്തിയ അഭയാർത്ഥികളാണോ ? ഇന്ന് ആഗോള രാജ്യങ്ങളിൽ മറ്റൊരു രാജ്യമോ, ഇന്ത്യയിലെ ഏതൊരു സംസ്ഥാനമോ പോകാത്ത ദൂരത്തിൽ കേരളത്തിലെ കാർഷികരംഗങ്ങൾ കുത്തനെ താഴേയ്ക്ക് തളർന്നു വീണുകഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ നല്ല സാമ്പത്തിക വികസന പ്രതീക്ഷയായിരുന്ന നെൽകൃഷി, റബർകൃഷി അതുപോലെ വിവിധ തരം കൃഷികൾ ഇവയെല്ലാം കുറച്ചു വർഷങ്ങൾ കൊണ്ട് മാത്രം തകർത്തത് ആരാണ്? സർക്കാരിന്റെ നിഷേധ നയം, കാർഷികരംഗത്തുളള വിവിധ രാഷ്ട്രീയകക്ഷികളുടെ ചില നിഗൂഢ പ്രവർത്തനങ്ങൾ, തുടങ്ങി വിവിധ കാര്യങ്ങളുണ്ട്, ഇങ്ങനെ ഒരു വലിയ തകർച്ചയ്ക്ക് കാരണമാക്കിയത്. കർഷകർ വിൽക്കുന്ന സാധങ്ങൾക്ക് തുശ്ചമായ വിലയാണ് ലഭിക്കുന്നത്. അത് വാങ്ങുന്ന കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ വിലയ്ക്ക് മറിച്ച് വിൽക്കുന്നത്. വില അമ്പതിരട്ടി, അഥവാ അതിൽ കൂടുതൽ, കച്ചവടക്കാർ വിൽപ്പന നടത്തും. വിഭവ വില വർദ്ധനവിനെയോ കച്ചവടക്കാരുടെ അഴിമതിയോ നിയമത്താൽ നിയന്ത്രിക്കാൻ ആവശ്യമായ നിയമങ്ങൾ ഇല്ല. നീതി നടപ്പാക്കാൻ ഉള്ള കോടതിയും നിയമവിദഗ്ധരും കേരളം നിറയെ ഉണ്ട്. അവരൊന്നും ഒരു രക്ഷാ കേന്ദ്രങ്ങളല്ലാ എന്നതാണ് യാഥാർഥ്യം.
പൊതുവെ നിരീക്ഷിച്ചാൽ വ്യക്തമാണ്, ജനവിരുദ്ധനടപടികൾക്ക് ഇന്ന് രാഷ്ട്രീയക്കാർ പ്രാമുഖ്യം നൽകുന്നു. കേരളത്തിൽ കൃഷികൾ ഒന്നും നടത്തേണ്ട ആവശ്യമില്ലെന്നും അയൽസംസ്ഥാനങ്ങളിൽനിന്ന് ആവശ്യത്തിനുള്ള വിഭവങ്ങൾ ലഭിക്കുമെന്നും കേരളത്തിലെ ഒരു മന്ത്രി പ്രസ്താവിച്ചതായി മാദ്ധ്യമങ്ങൾ വാർത്ത നൽികിയിരുന്നു. ഇന്ന് കേരളത്തിന്റെ പൊതുവായുള്ള സാമ്പത്തിക പിന്നോക്കനിലയും ജനങ്ങളുടെ തൊഴിലില്ലായ്മയും മാറ്റിവച്ചു ചിന്തിച്ചാൽ കർഷകത്തൊഴി ലാളികൾ ഇന്ന് പൊതുവെ മോചിതരാണ്. എങ്കിലും അവരുടെ എണ്ണം മുമ്പുള്ളതിലേറെ കുറഞ്ഞുപോയി. ഇപ്പോൾ കേരളത്തിൽ തൊഴിൽ രംഗം സ്പോടനാത്മകമായി നേരിടുന്നത് തൊഴിലാളികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ്. മറുവശത്ത്, വിദ്യാഭ്യാസപരിശീലനം ഉള്ള യുവജനങ്ങൾ അർഹതയുള്ള തൊഴിൽ ലഭിക്കാതെ വലയുകയാണ്. അഭ്യസ്തവിദ്യരായ ഉദാ: എൻജിനീയർ, വിവിധ വിഷയങ്ങളിൽ നിന്ന് ഡോക്ർ ബിരുദം തുടങ്ങി സാങ്കേതിക യോഗ്യതയുള്ളവർ ഇപ്പോൾ കേരളത്തിന്റെ മികച്ച കയറ്റുമതിയിനമായി മാറി.
മഹാത്മാഗാന്ധി-കാൾ-റുപ്രേക്റ്റ് സർവ്വകലാശാലകളുടെ തുല്യ പങ്കാളിത്ത പ്രവർത്തനപദ്ധതിയുടെ നശീകരണം .
ഇന്ന് പുതിയ തലമുറയുടെ ജീവിതാവകാശങ്ങളെയും വിദ്യാഭ്യാസ -തൊഴിൽ സാദ്ധ്യതകളെയും ജനിച്ചനാട്ടിൽ താമസിക്കുവാനുള്ള അവകാശങ്ങളെയും നിഷേധിച്ച അനുഭവങ്ങൾ നിരന്തരം കാണുന്നു.
കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൊണ്ട് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും ജർമ്മനിയിലെ ഒരു പ്രസിദ്ധവും പഴക്കമേറിയതുമായ Heidelberg നഗരത്തിലെ "എലൈറ്റ്" പദവിയുള്ള karl -Ruprecht-സർവ്വകലാശായുമായി ഒരു തുല്യപങ്കാളിത്ത ഉടമ്പടി 05. 09. 2005 -ൽ ഇരുസർവ്വകലാശാലകളുടെയും അധികൃതർ ചേർന്ന് ഒപ്പിട്ടു പ്രവർത്തനം ഉത്‌ഘാടനം ഹൈഡൽബർഗ്ഗ് സർവ്വകലാ ശാലയിൽ ഔദ്യോഗികമായി നടത്തിയിരുന്നു. പദ്ധതി പ്രവർത്തനം തുടങ്ങിയതായിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന ഫീസ് നൽകാതെ വിദ്യാഭ്യാസസൗകര്യം നൽകുമായിരുന്ന വിശാല പങ്കാളിത്ത പദ്ധതി തുടങ്ങിയ ശേഷം ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിൽനിന്നും ജർമ്മനിയിൽ പ്രവർത്തനത്തിനെത്തിയിരുന്ന ഗാന്ധി സർവ്വകലാശാലയിലെ ഒരു പ്രൊഫസറെ അന്ന് പുതിയതായി സ്ഥാനമേറ്റ മഹാത്മ ഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസിലർ അദ്ദേഹത്തെ കേരളത്തിലേയ്ക്ക് തിരിച്ചു വിളിച്ചു, പഠന പദ്ധതിയും നിറുത്തൽ ചെയ്തു. ഇങ്ങനെ ഒരു ഉപരിപഠനപദ്ധതി നടപ്പിലാക്കിയതിന് ഞാൻ ഒരുമ്പെട്ടത് കേരളത്തിലെ പൊതുപ്രവർത്തകരുടെ താൽപ്പര്യം കണക്കിലെടുത്തായിരുന്നു. മഹാത്മ ഗാന്ധി സർവ്വകലാശാലയും അതിനോട് അഫിലിയേറ്റഡായ കേരളത്തിലെ 140-ഓളം കോളജുകളെ യും ബന്ധപ്പെടുത്തിയുള്ളതായിരുന്നു പദ്ധതി. രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും ചേർന്ന് ഇതിനായുള്ള അന്നത്തെ ആദ്യ ചർച്ചാ സമ്മേളനം നടന്നത് പാലായിലെ കത്തോലിക്ക രൂപത ബിഷപ്പ് ഹൌസിൽ ആയിരുന്നു. വിദ്യാർത്ഥികൾ ജർമ്മൻ പങ്കാളിത്ത പദ്ധതി തുടർന്നാൽ കേരളത്തിലെ എല്ലാ കോളജുകളിലും വിദ്യാർത്ഥികൾ തീർത്തും ഇല്ലാതാകും, എന്ന വ്യാജപ്രചാരണം ചിലർ നടത്തിയിരുന്നു. അതുപക്ഷേ, പദ്ധതി നിറുത്തലാക്കാൻ പ്രധാന കാരണം അന്നത്തെ കോളജുകളുടെ ഉടമകൾ ആഗ്രഹിച്ച പ്രയോജനവും സാമ്പത്തികവും ലഭിക്കുമായിരുന്നില്ല എന്ന കാരണം ഉണ്ട്. പണം കൊയ്തെടുക്കുവാൻ അന്ന് പഠന പദ്ധതിയെ എതിർത്തവർ ഇന്ന് ഏത് വിദ്യാർത്ഥികളെയും തൊഴിൽ ചെയ്യുന്നതിന് പോകുന്നവരെയും ഉദ്ദേശിച്ച് ജർമ്മൻ ഭാഷ പഠിപ്പിക്കുന്നതിനു നിരവധി സ്ഥലങ്ങളിൽ ജർമ്മൻ ഭാഷാപഠനത്തിന് സ്ഥാപനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നു അവരെ ജർമ്മനിയിൽ അയക്കുവാനുള്ള പ്രതിഫലതുകയായി ലക്ഷങ്ങൾ തുക ഈടാക്കുകയും ചെയ്യുന്ന കാര്യങ്ങൾ കേൾക്കുന്നു.
യുവജനങ്ങളുടെ സാക്ഷ്യം
കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം കാർഷികരംഗത്തെ അവരുടെ നല്ല ഭാവി സ്വപ്നമായി കാണാനാവുന്നില്ല. അവരുടെ ജീവിതത്തിലെ അനുഭവങ്ങൾ ചിലർ പറയുന്നത് ഇങ്ങനെ: "ഞാൻ കേരളത്തിൽ ഒരു ഗ്രാമത്തിൽ ജനിച്ചു, അവിടെയുള്ള സ്‌കൂളിൽ പോയി വിദ്യാഭ്യാസം ചെയ്തു. പ്രായപൂർത്തിയായപ്പോൾ അവിടെ താമസിക്കാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതകാലം മുഴുവൻ അവിടെ വേലിക്ക് മുകളിൽ തൂങ്ങിക്കിടക്കാതിരിക്കുന്നത് മാത്രമല്ല, കൂടുതൽ തണുപ്പ് ഉള്ളതായി തോന്നും. ഒരു പ്രവാസി മലയാളി എന്ന് വിളിക്കപ്പെടുന്ന ഞാൻ മറുനാട്ടിൽ സ്വദേശിയോ വിദേശിയോ എന്ന വ്യത്യാസമില്ലാതെ ,ജീവിതഭാവിയെ നല്ലവണ്ണം നിരീക്ഷിക്കുകയും ചെയ്യുന്നു. അത്തരം നന്മകൾ സ്വീകരിച്ചുള്ള ജീവിതം, മറുനാട്ടിൽ ഞാൻ പിറന്ന നാട്ടിൽ ജീവിക്കുന്ന അനുഭവത്തോടെ തുടരുന്നു". ഇപ്രകാരം കേരളത്തിൽ അർഹമായ വേതനം നൽകി കേരളത്തിൽത്തന്നെ സുരക്ഷിതമായി ജീവിക്കാൻ യുവജനങ്ങൾക്ക് സർക്കാർ ഒരു പിന്തുണ നൽകുന്നതിനു ആഗ്രഹിച്ചിരുന്നുവെങ്കിൽ കേരളം ജർമ്മനിയെപ്പോലെയോ, ജപ്പാനോ, കാനഡയോപ്പോലെയുള്ള സാമ്പത്തിക ഭദ്രതയുള്ള നാടായി കേരളം വികസിക്കുമായിരുന്നു. അത് പക്ഷെ, വിദേശങ്ങളിൽ ഭാവിജീവിതം ഒരുക്കുവാൻ വേണ്ടി പോകുന്നവരിൽനിന്നും ലക്ഷക്കണക്കിന് പണം ഓഫർ പണമായി വാങ്ങുന്നവർ, അതിൽ രാഷ്ട്രീയത്തൊഴിലാളികൾ വരെ, ജർമ്മനിയിലെ ചില മലയാളികളായ ഏജന്റുമാരുമായി ചേർന്ന് അതിനു ശക്തമായ പിന്തുണ നൽകുന്നു..
സർക്കാരിന്റെ അടിമകൾ
കേരളത്തിൽ ഒരു ഗ്രാമ പ്രദേശത്തെ ഒരു ജനപ്രതിനിധിയായി ഒരാൾ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അയാളുടെ ജീവിതകാലം മുഴുവൻ സമ്പത് സമ്പന്നനായി. എല്ലാവിധ ആനുകൂല്യങ്ങളും കേരളസർക്കാർ അയാൾക്ക് നൽകുന്നു. അതേസമയം, ഒരു കർഷകന്റെ സ്ഥിതിയോ? അയാളുടെ ജീവിക്കുന്ന സ്വന്തം ഒരു വീടും തന്റെ ഭൂമിയും മുഴുവൻ അവകാശങ്ങളും ഇന്നത്തെ സർക്കാർ അധീനതയിലാക്കിയിരിക്കുന്നു. സ്വന്ത൦ പേരിലുള്ള വീടോ സ്ഥലമോ വിൽക്കണമെങ്കിൽ, മാത്രവുമല്ല, സ്വന്തം ആവശ്യത്തിനുള്ള ഒരു വീട് നിർമ്മിക്കണമെങ്കിൽ, കൃഷിഭൂമി വാങ്ങണമെങ്കിൽ, സർക്കാരിന് നാം നൽകേണ്ടിവരുന്ന നികുതിപ്പണം ഇപ്പോൾ ലോകത്തു ഒരു രാജ്യത്തും ഇല്ലാത്തവിധത്തിൽ ഉയരത്തിൽ ഉയർന്നതാണ്. ഈ മനുഷ്യവിരുദ്ധ നടപടി ഒരു പൈശാചിക നടപടിക്ക് തുല്യമാണ്. കേരളസംസ്ഥാന സർക്കാരിന്റെ, അടിമകളായ വാടക താമസക്കാരായി ജനങ്ങളെയാകെ തരംതാഴ്ത്തിയിരിക്കുന്നു. ഇത്തരം പ്രവൃത്തി ജനാധിപത്യപരമല്ല, അത് ജനങ്ങളുടെ മേലുള്ള ക്രൂരമായ ഏകാധിപത്യ ആധിപത്യമാണ്. തനി ക്രൂരതയാണ്. ഇപ്രകാരമുള്ള ചില മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ യുവജനങ്ങൾക്ക് ഭീഷണിയാണ് .
ചില യാഥാർത്ഥ്യങ്ങൾ-
![]() |
മുൻകാല കാർഷിക കേരളം -ഒരു ദൃശ്യം. |
കേരളത്തിലെ കർഷകരുടെ പ്രതിഷേധങ്ങളെക്കുറിച്ചു പറയുമ്പോൾ ചില വസ്തുതകൾ കാണാൻ കഴിയും. ആവശ്യമെങ്കിൽ കേരളത്തിലെ ഭരണകൂടവുമായട്ടുള്ള സംഘർഷത്തിൽപോലും തങ്ങളുടെ അവശ്യ താല്പര്യങ്ങൾ ഉറപ്പിക്കാൻ കർഷകർ നേരത്തെ തന്നെ പഠിച്ചുവെന്ന് പറയാം. ഒരു മുക്കാൽ നൂറ്റാണ്ടിനു മുമ്പുള്ള കേരളത്തിലെ സാധാരണ കർഷകകുടുംബങ്ങളിൽപ്പെട്ട അനേകം ആളുകൾ ഭാവിജീവിതത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി മലബാർ, ഇടുക്കി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്ക് കുടിയേറിയ ചരിത്രം ഇന്നുള്ള മലയാളി സമൂഹം ഒരു പ്രത്യേക സാഹസിക കൃത്യമായി കാണുന്നു. ഇന്ത്യാമഹാരാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പുമുതൽ തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും അനേക സഥലങ്ങളിൽ കുടിയാന്മാരും കുടികിടപ്പുകാരും അവരുടെ ജീവിതം സ്ഥിരപ്പെടുത്തി. കർഷകരും കർഷകത്തൊഴിലാളികളും ഭൂമിക്കുവേണ്ടിയും സാമൂഹ്യനീതിക്ക് വേണ്ടിയും സമരം ആരംഭിച്ചുകഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം ആണെങ്കിലും നിരന്തര സമരങ്ങളിലൂടെ കുടിയാന്മാരും തൊഴിലാളി സമൂഹവും അവരുടെ കൈവശഭൂമിയുടെ സ്ഥിരാവകാശത്തിനും അനുകൂലമായ നടപടികൾ ഉണ്ടായി. തിരുവിതാംകൂറും കൊച്ചിയും മലബാറും എന്നീ പ്രദേശങ്ങൾ വ്യത്യസ്തപ്പെട്ട രാജകുടുംബത്തിൽ നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളവരായിരുന്നു ഭരിച്ചിരുന്നത്. അക്കാലത്തുള്ള കുടുംബങ്ങളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടായിരുന്ന കാലം. അന്നും കർഷകർക്കുള്ള സ്ഥിരാവകാശങ്ങൾ ഒന്നും ഇല്ലായിരുന്നു. സാധാരണ ജനങ്ങളുടെ താമസസ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ജന്മികളെന്ന് വിളിക്കപ്പെട്ടിരുന്ന ധനികർക്കായിരുന്നു. കർഷകർ അവരുടെ കീഴിൽ അടിമകളെപ്പോലെ ജീവിച്ചിരുന്നു എന്ന് പറയാം. ജനങ്ങൾക്കുവേണ്ടി അന്നും കണ്ണുതുറന്ന് ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും പകർന്നു നൽകാൻ തയ്യാറായില്ല. 1956 മുതൽ, (കേരളപ്പിറവി) മാറി മാറി അധികാരത്തിലെത്തിയ സർക്കാരുകൾ പുതിയ കാർഷികാവകാശ നിയമങ്ങൾ നടപ്പാക്കിയതുമുതൽ ജന്മിത്വ വ്യവസ്ഥിതിയിൽ നിന്ന് കർഷകകുടുംബങ്ങൾ മോചിതരായി.
ജനമുഖം തിരിച്ചറിഞ്ഞ മഹാത്മാവ് -ശ്രീ. പി. റ്റി. ചാക്കോയും കാർഷിക പരിഷ്ക്കരണനിയമവും..
![]() |
Late ശ്രീ. പി. റ്റി. ചാക്കോ |
1960-ൽ P. S. P പാർട്ടിയുമായി സഹകരിച്ചാണ് കോൺഗ്രസ് പാർട്ടി കേരളത്തിൽ ഭരണം നടത്തിയിരുന്നത്. ഒരു ചെറിയ കക്ഷിയുടെ നേതാവായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസ്സിന് ദീർഘകാലം സഹിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് കേന്ദ്രസർക്കാർ സ്വാധീനം ഉപയോഗിച്ച് പട്ടംതാണുപിള്ളയെ ഗവർണ്ണർ പദവിയിൽ പഞ്ചാബിലേയ്ക്ക് അയച്ചു. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസ് തന്നെ പിടിച്ചെടുത്തു. അധികം കഴിഞ്ഞില്ല, പി. എസ്. പി യും മന്ത്രിസഭ വിട്ട് പ്രതിപക്ഷത്ത് പോവുകയും ചെയ്തു. കോൺഗ്രസ് തനിച്ചു ഭരണം പുനരാരംഭിക്കുകയും ചെയ്തു. കമ്മ്യുണിസ്റ്റുകൾക്ക് നടപ്പിലാക്കാൻ കഴിയാതെപോയ കാർഷികപരിഷ്ക്കരണം നടപ്പിലാക്കാൻ അന്നത്തെ റവന്യു മന്ത്രിയായിരുന്ന ശ്രീ. പി. റ്റി. ചാക്കോ ശ്രമം ആരംഭിച്ചു. ഇന്നും ആർക്കും ആക്ഷേപം പറയാനില്ലാത്ത കേരളഭൂപരിഷ്ക്കരണനിയമം നിയമസഭയിൽ കൊണ്ടുവന്നു പാസാക്കുകയും കോടതികൾക്ക് ചോദ്യം ചെയ്യാൻ വയ്യാത്ത വിധം അത് ഭരണഘടനയുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്യാൻ റവന്യു മന്ത്രിയായിരുന്ന ശ്രീ. പി. റ്റി. ചാക്കോയ്ക്ക് സാധിച്ചു.
കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ കാലാവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. രാജ്യത്ത് ക്രമസമാധാന നില ഭദ്രം. അഴിമതിക്കാർക്കെതിരെ നിയമ നടപടികൾ ഉണ്ടായിരുന്നു. പുരോഗമനപരമായ കാർഷിക പരിഷ്‌ക്കരണനിയമം കേരളത്തിലെ കർഷകനെ ആശ്വസിപ്പിച്ചു സന്തോഷിപ്പിച്ചു. കർഷകരുടെ താമസ വീടുകളും സ്ഥലങ്ങളും ജന്മിത്തവ്യവസ്ഥിതിയിൽ നിന്ന് നിയമ വ്യവസ്ഥപ്രകാരം മോചിപ്പിക്കപ്പെട്ടത് കർഷകന് സ്വന്തമായി ലഭിച്ചു. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ ഭാവി രൂപീകരിക്കുവാൻ ശ്രീ പി. റ്റി. ചാക്കോയ്ക്ക് അവസരം ലഭിച്ചു.
കേരളത്തിനും ഇന്നത്തെ ഓരോ കർഷകനും നഷ്ടമായി.
പക്ഷെ, ഇവയ്‌ക്കെല്ലാം മുകളിൽ, കമ്മ്യുണിസ്റ്റ് പാർട്ടിയിൽത്തന്നെ ഉണ്ടായ പിളർപ്പ് ചില അപ്രതീക്ഷിത ചലനങ്ങൾ സൃഷ്ടിച്ചു. ഈ പിളർപ്പ് കോൺഗ്രസ്സിന് അനുകൂലമായിരുന്നെങ്കിലും ഉപയോഗപ്പെടുത്തുവാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. മാത്രമല്ല, ഒരു നിസ്സാര സംഭവത്തെ വളരെ പർവ്വതീകരിച്ച് കോൺഗ്രസ്സിലെ പി. റ്റി. ചാക്കോ വിരുദ്ധന്മാർ ചേർന്ന് അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് വെളിയിലാക്കി. 1957- ൽ വാഴൂർ നിയോജക മണ്ഡലത്തിൽനിന്നും ഒന്നാം കേരള നിയമസഭയിലേയ്ക്ക് ശ്രീ. പി. റ്റി. ചാക്കോ തെരഞ്ഞെടുക്കപ്പെടുകയും പുതിയതായി രൂപം നൽകിയ കേരളസംസ്ഥാനത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചുതുടങ്ങി. കേരളത്തിലെ കമ്മ്യുണിസ്റ്റ് സർക്കാരിനെതിരായ വിമോചനസമരത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. രണ്ടാം കേരള നിയമസഭയിൽ മീനച്ചിൽ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 1960- ഫെബ്രുവരി- 22 മുതൽ 26- 9. 1962 വരെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീ. പട്ടം താണുപിള്ള നയിച്ച സഖ്യമന്ത്രിസഭയിൽ ആഭ്യന്തരം, റവന്യു , നിയമം, എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. തുടർന്നു, കോൺഗ്രസ്സ് നേതാവ് ആർ. ശങ്കറിന്റെ മന്ത്രിസഭയിൽ 26. 9. 1962 മുതൽ 1964 ഫെബ്രുവരി 20 വരെ അദ്ദേഹം അതേ വകുപ്പുകൾ തന്നെ കൈകാര്യം ചെയ്തു. 1964 Feb. 20-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജി വയ്ക്കുകയും ചെയ്തു. 1964 ജൂണിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ പരാജയപ്പെട്ട അദ്ദേഹം വീണ്ടും അഭിഭാഷകവൃത്തിയിലേയ്ക്ക് മടങ്ങി. എങ്കിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. 1964 ജൂലൈ 31-ന് നാൽപ്പത്തി ഒൻപത് വയസ്സുള്ളപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പെട്ടെന്നവസാനിച്ചു. ഒരു പ്രതി ഭാഗം അഭിഭാഷകനെന്ന നിലയിൽ കോഴിക്കോട് ജില്ലയിലെ പുലപ്പാറ മലയിൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായി നേരിട്ട് കൈകാര്യം ചെയ്ത നേതാവ് അങ്ങനെ കേരളത്തിനും ഇന്നത്തെ ഓരോ കർഷകനും നഷ്ടമായി. അദ്ദേഹത്തിൻറെ മൃതസംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിൻറെ എളങ്ങോയിയിലെ വീട്ടിൽ പോയി സംബന്ധിക്കു വാൻ അന്ന് എനിക്ക് ഭാഗ്യമുണ്ടായി.
കേരളസർക്കാർ കർഷകർക്ക് എന്ന് തുണ നൽകും?
ശ്രീ. കെ. എം. ജോർജിന്റെ നേതൃത്വത്തിൽ ഉടൻ കോൺഗ്രസ്സിൽ നിന്നുള്ള 15 പേർ ചേർന്ന് 'കേരളാ കോൺഗ്രസ്' എന്ന ഗ്രൂപ്പ് സൃഷ്ടിച്ചു മാറി. അവർ പ്രതിപക്ഷത്തോട് ചേർന്ന് വോട്ട് ചെയ്ത് 1964 -ൽ ശ്രീ. ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയെ വെളിയിലാക്കി. കോൺഗ്രസ്സ് പാർട്ടിയിൽ ഇന്നും എന്നും ഭിന്നതകൾ ശേഷിക്കുന്നത് നാം കാണുന്നു. ഇന്ന് കേരളത്തിലെ ഏത് കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനോ ചെറിയ ഒരു തുണയാകുവാനോ ഈ പാർട്ടി എന്നുണരും?
കേരളത്തിലെ കപടരാഷ്ട്രീയ വരേണ്യതയോടുള്ള രോഷം പ്രകടിപ്പി ക്കുന്ന കർഷകരുടെ പ്രതിഷേധത്തെ ഞാൻ ഗൗരവമായി കാണുന്നു. കാരണം കാർഷിക രംഗത്തു നിലയുറപ്പിച്ചിരുന്ന സാധാരണ ജനങ്ങളെ അവരുടെ കാഴ്ചപ്പാടിൽ നിന്ന് പുറത്താക്കിയതും പിണറായി വിജയൻ എന്ന ഒരാളെ തിരുവനന്തപുരത്തെ "വൈറ്റ് ഹൌസിലേയ്ക്കും" മാറ്റി സ്ഥിരപ്പെടുത്തിയതും... ആ വ്യക്തിയുടെ ജീവിതാവസാനം വരെയും ഭരണനേതൃത്വത്തിൽ തുടരാനും എടുത്ത തീരുമാനത്തെ നയിച്ചത് ആരാണ്? ഇപ്പോൾ കേരളത്തിൽ കാർഷികരംഗം വനഭൂമികൾക്കും വന്യമൃഗങ്ങൾക്കും വേണ്ടി പിണറായി വിജയൻ നയിക്കുന്ന സർക്കാർ മാത്രമല്ല, ജനാധിപത്യം വിളിച്ചു പറയുന്നതായ മറ്റുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കയ്യടിച്ചു സമ്മതിച്ചു ഒരുമിച്ചു പോകുന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. കേരളം ഭരിക്കുന്ന സർക്കാർ പറയുന്നത് നോക്കാം. "ആരും അദ്ധ്വാനിക്കുകയോ വിയർക്കുകയോ ചെയ്തില്ലെന്നും, ഇവിടെ അതെല്ലാം കേരളകർഷകരുടെ മണ്ടത്തരമായി കാഹളം മുഴക്കിയതും ഒന്നും കാര്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നില്ല, കേരള കർഷകൻ ഒരു ഭാഗ്യവാനാണെങ്കിൽ അവരിൽ നിന്ന് മാത്രമേ എതിർപ്പിന് വേണ്ടി വാചകം ഉയരുകയുള്ളു." എന്ന അഭിപ്രായം എന്നും തുടരുന്നു. ആകട്ടെ, കേരളത്തിലെ കർഷകൻ ഇന്ന് ഭാഗ്യവാനാണോ? അതുപോലെ ചില തൊഴിലാളികൾ-" ആശാ വർക്കേഴ്സ് "എന്ന പേരിൽ രൂപംകൊണ്ടതായ സ്ത്രീകളുടെ തൊഴിലാളി സമൂഹം ന്യായമായ തൊഴിൽപ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ കേരളസർക്കാർ ആസ്ഥാനത്തു അനേക ദിവസങ്ങളായി സമരം ചെയ്യുന്ന സംഭവം. അവർ നിരാഹാരസമരം നടത്തി. എന്നിട്ടും മന്ത്രിമാരോ ജനപ്രതിനിധികളോ തൊഴിലാളികൾ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് പരിഹാരം കാണാനാഗ്രഹിച്ചിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും എന്തെന്ന് കേരളസർക്കാർ കാണുവാനാഗ്രഹിക്കുന്നില്ല. കേരളത്തിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന ഏതുവിധ സാമ്പത്തിക അധികാര ദുരുപയോഗം തട യൽ, കാർഷിക, വന ഉത്പാദനം ഭക്ഷ്യസുരക്ഷ, ഭൂനിയമം, കാർഷിക പാട്ടക്കാരാർ, ഭവനനിർമ്മാണം, താമസസ്ഥലം, പുരയിടങ്ങൾ എന്നിവ യുടെ കാര്യത്തിലുള്ള സുരക്ഷതയുള്ള പ്രോത്സാഹനം എന്നിങ്ങനെ ജനോപകാരപ്രദമായ നടപടികളാണ് സർക്കാർ ചെയ്യേണ്ടത്. നിലവിൽ കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതി- ഓരോരോ മാസങ്ങളും ഉയരുന്ന വൻ തുക- എങ്ങനെ ജനങ്ങൾ നൽകും? ജീവിതാവശ്യത്തിനു വേണ്ട ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവ്, തുടങ്ങി ജനങ്ങൾക്ക് ശ്വാസം മുട്ടി ഇല്ലാതാക്കുന്ന ഭരണക്രമങ്ങൾ എങ്ങനെ ജനം സ്വീകരിക്കും?
കേരള കർഷകർ അവരുടെ ആവശ്യങ്ങൾ ഭരണകൂടവുമായുള്ള ഒരു സംഘർഷത്തിൽപ്പോലും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുവാനും, തീരുമാനങ്ങൾ മുന്നോട്ട് നൽകാനും, അതിനു യോജിച്ച ഒരു ഉറച്ച ഒരു നിലപാട് എടുക്കുവാനും നേരത്തെ പഠിച്ചിരുന്നില്ല. കേരളസംസ്ഥാനം രൂപം പ്രാപിക്കുന്നതിന് മുമ്പുള്ള കർഷകർ നേരിട്ട പ്രശ്നങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. മലബാർ പ്രദേശത്ത് കാലങ്ങൾക്ക് മുമ്പേ അനേകം കുടിയാന്മാരും കർഷകത്തൊഴിലാളികളും അവരുടെ കൃഷിഭൂമി, വീട്, വസ്തുക്കളുടെ നിയമാനുസൃത പാട്ടം എന്നിവ നിശ്ചയിക്കുന്നതിന് വേണ്ടി രക്തവും ജീവനും നൽകി സമരം ചെയ്തു. പക്ഷെ, ആ സമരവും അന്നത്തെ അധികാരിവർഗ്ഗത്തിന് അടിച്ചമർത്താൻ കഴിഞ്ഞു.
കേരളത്തിലെ ജീവിതം ഇപ്പോഴും നരകമല്ലാതെ മറ്റൊന്നുമല്ല എന്ന ദുർഗതി ക്ഷണിച്ചുവരുത്തിയതുപോലെയാണ്. മിക്കവാറും ഏതുവിധ കാര്യങ്ങളും ഒരാൾക്ക് സ്വന്തമായി തെരഞ്ഞെടുക്കാം. എന്നാൽ, ഇന്ന് നമ്മുടെ കർഷകരെയും അവരുടെ നേട്ടങ്ങളെയും പെരുപ്പിച്ചു പറയുന്ന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഇപ്പോൾ ഏതാണ്ട് അവരുടെ പിന്നണിസഹായം ആണെന്നും, വഴിയരുകിൽനിന്ന് അവ കർഷകരെ ബോദ്ധ്യപ്പെടുത്തി അഭിനന്ദിക്കുകയും ചെയ്യുന്നുവെങ്കിൽ അനേകം നഗരവാസികളുടെ കാര്യത്തിൽ അവർ പറയാത്ത മോശം മന:സാക്ഷി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നില്ലേ? കേരളത്തിൽ കച്ചവടക്കാരുടെ ഡിസ്കൗണ്ട് ഷോപ്പിങ് ശക്തമാണ്. എന്നാൽ, കർഷകർ ആവശ്യപ്പെടുന്ന കൃഷിവിഭവങ്ങൾക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞു അവരെയാകെ ശപിക്കുന്നു. എന്ത് സംഭവിക്കുന്നു? പൂവം പാടശേഖരങ്ങളിൽ നിന്നുള്ള ഏതാണ്ട് 600 ലധികം ഏക്കർ സ്ഥലത്തെ നെല്ല് കൊയ്തെടുത്തതെല്ലാം ഓരോ പറമ്പുകളിലും വഴിവക്കിലും മഴനനഞ്ഞു കിടന്നു, കുറെയേറെ നശിച്ചു പോയി. കൊയ്തെടുത്ത നെല്ല് മില്ലുടമകൾ നിസ്സാര വിലയ്ക്ക് കൈപ്പിടിയിലൊതുക്കാനും അതിന്റെ ലാഭം കൊയ്യാനും ഒളിയുദ്ധം നടത്തുന്നതായി വാർത്ത പ്രചരിച്ചിരുന്നു. അവിടെ മില്ലുടമകൾ നെല്ല് കൊണ്ടുപാകാനുള്ള സമ്മതം കർഷകന് നല്കിയിയാലും പിന്നീടതിനു വിപരീതമായി നിൽക്കും. ഇങ്ങനെയുള്ള ഒരു സംഭവം കുട്ടനാട്ടിൽ ഈയിടെ നടന്നതാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരു അവസാനപരിഹാരം കാണുവാൻ സർക്കാരോ കേരളത്തിലെ ജനപ്രതിനിധികളോ താല്പര്യപ്പെടുന്നില്ല. അതിനുള്ള ഒരു പ്രതിവിധി കാണുന്നതിതാണ്, അവനവന്റെ കൈവശമുള്ള വിഭവങ്ങൾ കാത്ത് സൂക്ഷിക്കുക. കർഷകരുടെ ആവശ്യങ്ങളെ തുറന്നു പറയുക. എന്നാൽ സഹായികളായി കാണപ്പെടുന്ന ധാരാളം വ്യാജസുഹൃത്തുക്കളെയും സൂക്ഷിക്കുക. ഇത്തരത്തിൽപ്പെട്ടവരാണ് ഈയിടെ കുട്ടനാട്ടിൽ മേൽ കുറിച്ച അനുഭവം ഉണ്ടാക്കിയത്.
കേരള വികസനമാതൃക -
![]() |
നെൽകൃഷി പ്രതീക്ഷിക്കുന്ന ഭൂമി. |
1957- ൽ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് ഗവൺമെന്റിന് നേരെ എതിരായുള്ള പ്രതിപക്ഷം തികച്ചും കരുത്തുറ്റതായിരുന്നു. ശ്രീ. പട്ടം താണുപിള്ള, ശ്രീ പി. റ്റി. ചാക്കോ തുടങ്ങിയ പ്രഗൽഭമതികൾ അന്ന് പ്രതിപക്ഷത്തിന് നേതൃത്വം നൽകി. വിദ്യാഭ്യാസരംഗത്തും കാർഷിക രംഗത്തും മാറ്റങ്ങൾക്ക് പദ്ധതിയിട്ട പരിഷ്‌ക്കാരങ്ങൾ കമ്മ്യുണിസ്റ്റ് സ്ഥാപിത താല്പര്യക്കാരെ വിറളി പീഡിപ്പിച്ചിരുന്നു. ഒന്ന്- കർഷകർ ഒരു കാര്യം മനസ്സിൽ ഉറപ്പിക്കുക. ജനാധിപത്യം ആരുടേയും കുത്തകയല്ല. കേരളത്തിൽ കർഷകരും കാർഷികഭൂമിയുടെ ഉടമസ്ഥസ്ഥിരതയും ഉറപ്പിക്കുവാൻ അടിപതറാതെ ഒരു ഒരു പ്രതിജ്ഞ എടുക്കണം. അന്ന് ജനങ്ങളുടെ നേരെ ഭീകരാക്രമണം നടത്തിയ കേരളത്തിലെ ദുർഭരണം നടത്തിയ കമ്മ്യുണിസ്റ്റ് സർക്കാരിനെ, ജനം ഒരുമയോടെ ശക്തമായി രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പിടിച്ചു നിന്നവരെ പിടിച്ചു മാറ്റിയ അനുഭവം, ജനങ്ങൾ വലിയ പ്രതിജ്ഞ ചെയ്തു,"കല്ലറയാണെ കട്ടായം, പകരം ഞങ്ങൾ ചോദിക്കും". കേരളത്തിലെ കർഷകനും, കേരളത്തിൽ നിന്ന് വിദേശത്തു ജോലി ചെയ്യുന്ന മലയാളികളും കേരളത്തിന്റെ സ്വന്തമാണ്. "പ്രവാസിമലയാളി" എന്ന വാക്ക് ആധുനിക കേരളത്തിൽ രാഷ്ട്രീയക്കാരുടെ തലച്ചോറിൽനിന്നുയർന്ന പകയുടെ പദമാണ്. ഇന്ന് യുവജനങ്ങൾക്കും കർഷകർക്കും തങ്ങൾ ജനിച്ച മാതൃരാജ്യം കേരളം തങ്ങളുടെ സുരക്ഷിത ഭവനമാക്കി മാറ്റണ്ടതായ ഉത്തരവാദിത്വം നാം സ്വയം മനസ്സിലാക്കി എന്ന പ്രതിജ്ഞ എടുക്കണം. //-
*********************************************
*************************************************************
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻhttps://dhruwadeepti.blogspot.comfor up-to-dates and FW. link Send Article, comments and write ups to :DHRUWADEEPTI ONLINE LITERATURE.Published from Heidelberg, Germany, in accordance with the European charter on freedom of opinion and press.DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."e-mail id: george.kuttikattu@yahoo.com